ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള പൊലിസ് നീക്കത്തെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി. ഡൽഹിയിൽ കൂലിപ്പട്ടാളത്തിന്റെ ഇടപെടലാണ് നടക്കുന്നതെന്നും പൊലിസും കേന്ദ്രസേനയും അതിക്രൂരമായാണ് ഇടപെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങൾ ഉള്ളതിനാലാണ് ന്യൂഡൽഹി മേഖലയിൽ പൊലിസ് അതിക്രമത്തിന് മുതിരാത്തത്.
മറ്റു പ്രദേശങ്ങളിൽ സ്ഥിതി വ്യത്യസ്തമാണെന്നും ബ്രിട്ടാസ് പറഞ്ഞു. പ്രതിഷേധത്തിന് പിന്നിൽ വിദേശ ഇടപെടലുണ്ടെന്ന ബിജെപി ആരോപണത്തെയും അദ്ദേഹം ചോദ്യം ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ മുത്തം കൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നവരാണോ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ബ്രിട്ടാസ് പരിഹസിച്ചു.
വിമാനത്തിൽ കയറി അഭിജിത്തിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത് സുരക്ഷാ പ്രശ്നമാണെന്ന വിശദീകരണത്തെയും അദ്ദേഹം വിമർശിച്ചു. അവർ വിമാന റാഞ്ചികളല്ല. പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും ബ്രിട്ടാസ് ചോദിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടത് സംഘടനകൾ ശനിയാഴ്ച ജന്തർ മന്തറിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെടെയുള്ള നേതാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.